സിപിഎം നേതാവ് എംവി ജയരാജന് മറുപടിയുമായി സി സദാനന്ദൻ എംപി. തന്നെ എംപിയായി വിലസുന്നത് തടയാൻ ജയരാജൻ മതിയാവില്ലെന്ന് സി സദാനന്ദൻ എംപി പറഞ്ഞു. തന്നെ തടയാൻ ജയരാജന്റെ സൈന്യം പോരാതെ വരുമെന്നും ഭീഷണിയുടെ വാറോല മടക്കിക്കെട്ടി അലമാരയിൽ വച്ചാൽ മതിയെന്നും സദാനന്ദൻ എംപി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് എംവി ജയരാജനെതിരെയുള്ള വിമർശനം.
നേതാക്കൾ ബോംബും വാളും നൽകിയപ്പോൾ അണികൾ കാണിച്ചതിനുള്ള ശിക്ഷയാണ് ജയിൽവാസം. ഞാൻ രാജ്യസഭാംഗമായത് ആരാധ്യയായ രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ്. അതിൽ അസഹിഷ്ണുത പൂണ്ട്, വെറികൊണ്ട് കലിതുള്ളി തൊണ്ട പൊട്ടിക്കേണ്ട ആവശ്യമില്ല. അനേകായിരം കുടുംബങ്ങളുടെ ആശിർവാദം എന്നോടൊപ്പമുണ്ട്. ഭീഷണിയുടെ വാറോല മടക്കിക്കെട്ടി അങ്ങ് അലമാരയിൽ വെച്ചാൽ മതിയെന്നും സദാനന്ദൻ പറഞ്ഞു.


കേരളത്തിലെ പ്രഗ്യാസിംഗ് ഠക്കൂർ ആണ് സി സദാനന്ദനെന്നും ക്രിമിനൽ പ്രവർത്തനമാണോ എംപി ആകാനുള്ള യോഗ്യതയെന്നുമാണ് എംവി ജയരാജൻ ഇന്നലെ പറഞ്ഞത്. എംപി ആയി എന്ന് കരുതി സഖാക്കളെ ജയിലിൽ അടച്ച് വിലസി നടക്കാം എന്നു കരുതേണ്ടെന്നും ജയരാജൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സദാനന്ദൻ രംഗത്തെത്തിയത്.
Jayarajan army will not be enough to stop me from becoming an MP he should just fold up his threats and put them in the cupboard C Sadanandan